മുംബൈ: പൂനെയിൽ മഹാരാഷ്ട്രയിലെ പ്രമുഖ ബിസിനസുകാരൻ വിശാൽ അഗർവാളിൻറെ ഇളയ മകനായ കേതൻ വിശാൽ അഗർവാളിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊലപാതകി ഇയാളുടെ പ്രതിശ്രുത വധു തന്നെ. പ്രതിശ്രുത വരനൊപ്പമുള്ള പ്രണയ പോസ്റ്റുകൾ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുള്ള സിയയുടെ ഇരട്ടമുഖം ഞെട്ടുകയാണ് സോഷ്യൽ മീഡിയ. സിയയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്.
ഫെബ്രുവരിയിലായിരുന്നു സിയ ഗോയലിൻറെയും കൊല്ലപ്പെട്ട കേതൻറെയും വിവാഹ നിശ്ചയം. നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്ന ആഡംബര പൂർണമായ വിവാഹം നടക്കേണ്ടിയിരുന്നത്. അതിനായി ജയ്പൂരിൽ 17 കോടി രൂപയ്ക്ക് കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അതിഥികൾക്ക് എത്താനായി മാത്രം രണ്ട് സ്വകാര്യ വിമാനങ്ങളും സജ്ജീകരിച്ചു. വിവാഹത്തിനും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾക്കുമായി ഇരുവരുടേയും കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്.
സ്ഥിരമായി പ്രണയ പോസ്റ്റുകൾ ഇട്ടും അതിലെല്ലാം കേതനെ ടാഗ് ചെയ്തും ആളുകളെ തെറ്റിദ്ധിപ്പിക്കുകയായിരുന്നു സിയ. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ‘എൻറെ ഹൃദയം അതിൻറെ ഉടമയെ കണ്ടെത്തി’ എന്ന് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ജൂൺ 18ന് സിയയുടെ ജൻമദിനം ആഘോഷിക്കാൻ പൂനെയിലെ ലോഹഗഡിലേക്ക് ട്രക്കിങ്ങിനായി പോകുമ്പോഴാണ് കൊലപാതകം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ വഴുതി താഴ്ചയിലേക്ക് വീണുവെന്നാണ് സിയ ആദ്യം പൊലീസിനോട് പറഞ്ഞത്. ലോണാവാല റൂറൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. മൊബൈൽ ഡാറ്റ, കോൾ റെക്കോർഡുകൾ, സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ മൊഴികൾ എന്നിവ സംശയം ജനിപ്പിച്ചു. തുടർന്ന് പൊലീസ് സിയയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് കേതനെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഇവർ ബന്ധത്തിലായിരുന്നു. ഹുഡി ധരിച്ച് ദമ്പതികളെ പിന്തുടരുന്ന ചേതൻറെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഇരുവരും ചേർന്ന് കേതനെ പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നു.






