തിരുവനന്തപുരം: സ്വകാര്യവൽക്കരണം സംബന്ധിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റിൽ ഒരിടത്തും സ്വകാര്യവൽക്കരണം സംബന്ധിച്ച് പരാമർശമില്ലെന്നും പുറത്തുവരുന്ന ചില ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിനെക്കുറിച്ചുള്ള പൊതുചർച്ചയ്ക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ഭാവി വികസനത്തെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് കേരളത്തിന് ദിശാബോധം നൽകുന്ന രേഖയാണെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അതിൽ പ്രതിഫലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നികുതി വരുമാനത്തിന്റെ വലിയൊരു ഭാഗം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി പോകുന്ന സാഹചര്യത്തിൽ ബാക്കി തുക ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അധിക നികുതി ഭാരം ഏർപ്പെടുത്താതെ തന്നെ ഖജനാവ് ശക്തിപ്പെടുത്തുമെന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






