റിയാദ്: സൗദി അറേബ്യയിൽ വിദേശ പൗരൻമാർക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്യുന്ന എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രോപ്പർട്ടി മാർക്കറ്റ് വിദേശ നിക്ഷേപകർക്കും ബിസിനസുകൾക്കും കൂടുതൽ തുറന്നുകൊടുക്കുന്ന നീക്കമാണിത്. വിദേശ വ്യക്തികൾക്കും കമ്പനികൾക്കും സ്വത്ത് സ്വന്തമാക്കാൻ അനുവാദമുള്ള മേഖലകൾ ഉൾപ്പെടെ സൗദി പൗരൻമാരല്ലാത്ത റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.
മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രധാന നഗരങ്ങളില്‍ വിദേശികള്‍ക്ക് പ്രോപ്പർട്ടികൾ സ്വന്തമാക്കാന്‍ അനുവാദമുള്ള പ്രത്യേക മേഖലകളും പ്രദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മക്കയിൽ അബ്‌റാജ് മക്ക, അല്‍മനാര്‍, അജ്‌യാദ് ടവര്‍, കിങ് സല്‍മാന്‍ ഗേറ്റ്, ത്വലാല്‍ വില്ലേജ്, ജബല്‍ ഉമര്‍, ദാഖിര്‍ മക്ക, സുമുവ് സബര്‍ബ്, മസാര്‍, മക്കയിലെ ഒന്നും രണ്ടും മൂന്നും ഏരിയകളിലും മദീനയിൽ അല്‍ഗുറ, അല്‍മഹ്വ, ദാറത്ത് അല്‍ഹിജ്റ, ഡൗണ്‍ടൗണ്‍ മദീന, ദിയാര്‍ അല്‍മുഖര്‍, റുആ അല്‍മദീന, മദീന നോളജ് ഇക്കണോമിക് സിറ്റി, മിശ്‌റാഫ്, മദീനയിലെ ഒന്നും രണ്ടും ഏരിയകളിലും പ്രവാസികൾക്ക് സ്ഥലം വാങ്ങാം.
റിയാദിൽ ഖിദ്ദിയ, ന്യൂ അല്‍മുറബ്ബ, സ്‌പോര്‍ട്‌സ് ട്രാക്ക്, ദിരിയ ഗേറ്റ്, കിങ് സല്‍മാന്‍ പാര്‍ക്ക്, സിദ്‌റ, കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, കിങ് സല്‍മാന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മേഖലകളിലും ജിദ്ദയിൽ ജിദ്ദ സിറ്റി സെന്റര്‍, ചേരിവികസന പദ്ധതി നടപ്പാക്കുന്ന 55 പ്രത്യേക മേഖലകള്‍. ഇവ കൂടാതെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലും വിദേശികള്‍ക്ക് സ്ഥലം വാങ്ങാം.
മക്കയിലും മദീനയിലും മുസ്ലിംകള്‍ക്ക് മാത്രമേ സ്ഥലം വാങ്ങാൻ അനുമതിയുണ്ടാകൂ. മക്കയും മദീനയും ഒഴികെ, സൗദിയിലെ മറ്റ് ഏത് നഗരത്തിലും പ്രവാസികള്‍ക്ക് ഒരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി (താമസസ്ഥലം) സ്വന്തമാക്കാവുന്നതാണ്.





