കൊച്ചി: വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് മാറ്റി. സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ തീരുമാനമെടുക്കൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം അമുസ്‌ലിം അംഗങ്ങളെ നിയമിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ സർക്കാർ പിന്നോട്ടുപോയത്. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ സുപ്രീംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
സംസ്ഥാന വഖഫ് ബോർഡിൽ കൂടുതൽ സങ്കീർണത ഉണ്ടാകാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു. അതേസമയം, ബോർഡിലെ ഒഴിവുകൾ നികത്തണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ബാർ കൗൺസിൽ പ്രതിനിധിയെയും ഷിയ വിഭാഗത്തിൽ നിന്നുള്ള അംഗത്തെയും ഉൾപ്പെടുത്താനുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഒഴിവുള്ള സ്ഥാനങ്ങൾ ആദ്യം നികത്തിക്കൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിലവിൽ നാമനിർദേശം ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും സർക്കാർ നിയമപരമായ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാമെന്നും കോടതി നിരീക്ഷിച്ചു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതും സർക്കാരിന്റെ അധികാരമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബോർഡിലെ ഒഴിവുകൾ നികത്തുന്നതിലും പുനഃസംഘടനയിലും സർക്കാർ നിയമാനുസൃതമായി തീരുമാനമെടുക്കണം. വഖഫ് ബോർഡിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട് ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജികൾ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.



