കൊൽക്കത്ത: കൊൽക്കത്തയിലെ താരാതല പ്രദേശത്ത് നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെയാണ് പ്രമുഖ വ്യവസായിക മേഖലയായ താരാതലയിൽ അപകടം ഉണ്ടായത്. വൻ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടസമയത്ത് 50 മുതൽ 60 വരെ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതുവരെ 21 പേരെ രക്ഷപ്പെടുത്തി. 15 പേരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ എന്‍ഡിആര്‍എഫും സംഘവും സൈന്യവും സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ നിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാകാം അപകടകാരണമെന്ന സംശയം ഉയർന്നിട്ടുണ്ട്. നിർമ്മാണ ചുമതലയുള്ള കരാറുകാർക്കും ഉടമകൾക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, നിർമ്മാണ മേഖലയിലെ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന ആരോപണവുമായി രാഷ്ട്രീയ വിമർശനവും ഉയർന്നിട്ടുണ്ട്.






