കൊല്ലം: ജില്ലയിൽ ടിപ്പർ അപകടത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു.
ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിൽ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
വിനീതിന്റെ അമ്മ സുധ, ഭാര്യ അതുല്യ.






