തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്.സി.ആർ.എ ചട്ടത്തിൽ നടത്തിയ ഭേദഗതി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
ചട്ടഭേദഗതിയോടെ രാജ്യത്തെ സന്നദ്ധസംഘടനകളുടെ പ്രവർത്തനം ബുദ്ധിമുട്ടിലായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് ഏത് സന്നദ്ധ സംഘടനയുടെയും പ്രവർത്തനം തടയാനാകുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ചട്ടഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




