കൊല്ലം: മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയെ എക്സൈസ് സംഘം പിടികൂടി. കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞ പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശിയായ ജിജിത് (19) ആണ് അറസ്റ്റിലായത്.
സുഹൃത്തുക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാലര മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
കൊല്ലത്ത് പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ കഴിയുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇരുപത്തോളം നായകളുടെ സംരക്ഷണത്തിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതിയും വീട്ടുകാരും എക്സൈസ് സംഘത്തെ തടയാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് സംഘം വീട്ടിനകത്ത് കയറി പ്രതിയെ പിടികൂടിയത്.
ഈ വർഷം ഫെബ്രുവരി 4നാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സലായി എത്തിയത്. സംഭവത്തിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയും സഹോദരൻ ആർ. രാഹുലും മുമ്പ് എക്സൈസിന്റെ പിടിയിലായിരുന്നു.
ചോദ്യം ചെയ്യലിലാണ് ജിജിത്താണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് ഇവർ മൊഴി നൽകിയതെന്ന് എക്സൈസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയെ കണ്ടെത്തിയത്.






