തിരുവനന്തപുരം: കുടുംബവുമായി അകന്ന് കഴിയുന്ന അച്ഛനെ മൂന്ന് മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളംകെട്ടുവിളയിൽ സ്‌ക്രാപ്പ് ഷോപ്പ് നടത്തുന്ന മുരുകൻ (55) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ കടയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മക്കളായ സെൽവി, ശിവ, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ഏതാനും ദിവസം മുമ്പ് മക്കൾ പണം ആവശ്യപ്പെട്ട് കടയിലെത്തിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.






