തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇനി ഉണ്ടായിരിക്കില്ല. എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ ഏഴ് കോളേജുകളുടെ സ്‌പെഷ്യൽ ഗ്രേഡ് പദവി സർക്കാർ റദ്ദാക്കി.
1994-ലെ സ്‌പെഷ്യൽ റൂൾ പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ തീരുമാനം എടുത്തത്. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം നിലവിലില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ എന്ന തസ്തികയും ഇല്ലാതാകും. നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മുതിർന്ന പ്രിൻസിപ്പൽമാർക്കാണ് ഈ പദവി നൽകിവന്നിരുന്നത്.
പുതിയ ഉത്തരവിനെ തുടർന്ന് ഈ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച പുതിയ ക്രമീകരണങ്ങളും സർക്കാർ പുറത്തിറക്കി. ഇനി മുതൽ പ്രിൻസിപ്പൽ തസ്തിക ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനക്കയറ്റത്തിനുള്ള ഫീഡർ തസ്തികയായി മാറുമെന്നും ഉത്തരവിൽ പറയുന്നു.






