അന്തരിച്ച തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് നേരിട്ടെത്തി. ഭാഗ്യരാജിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചത്.
കൈയിൽ പുഷ്പമാലയുമായി എത്തിയ വിജയ്, മൃതദേഹത്തിൽ പുഷ്പമാല അർപ്പിച്ച് അന്തിമോപചാരം നേർന്നു. തുടർന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായിരുന്ന ഭാഗ്യരാജിന്റെ മകൻ ശന്തനുവിനെ വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വിജയ് എത്തുന്നതും, ശാന്തനുവിനെ ആശ്വസിപ്പിക്കുന്നതും കാണാം. ആശ്വസിപ്പിക്കുമ്പോഴും നിയന്ത്രണം വിട്ട് കരയുന്ന ശന്തനുവും ദൃശ്യങ്ങളിലുണ്ട്.
ഭാഗ്യരാജിന്റെ കുടുംബവുമായി വിജയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ശന്തനുവിന്റെ വിവാഹത്തിന് താലിയെടുത്ത് നൽകിയത് വിജയ് ആയിരുന്നുവെന്നും പറയുന്നു. ഭാഗ്യരാജിന്റെ വിയോഗത്തിൽ വിജയ് വൈകാരിക അനുശോചന കുറിപ്പും പങ്കുവെച്ചിരുന്നു. തമിഴ് സിനിമയ്ക്ക് വലിയ നഷ്ടമാണിതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.






