കോഴിക്കോട്: വയനാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട സംഭവത്തിൽ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിനായുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. കോഴിക്കോട് കോടഞ്ചേരി ആനക്കാംപൊയിലിലെ പതങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
മലപ്പുറം കീഴിശ്ശേരി സ്വദേശിയായ ഷിബിൽ, കർണാടക സ്വദേശികളായ 11 അംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് ഗൈഡായി എത്തിയത്. സംഘം പുഴയിൽ ഇറങ്ങിയതിനിടെ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാകുകയും ചിലർ ഒഴുക്കിൽപ്പെടുകയും ചെയ്തു.
വിനോദസഞ്ചാരികളെ രക്ഷിക്കാൻ ഷിബിൽ പുഴയിലേക്ക് ചാടിയെങ്കിലും പിന്നീട് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. എന്നാൽ ഷിബിലിനെ കണ്ടെത്താനായില്ല.
പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഇന്നലെ വൈകിട്ട് അവസാനിപ്പിച്ച തിരച്ചിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ വീണ്ടും ആരംഭിച്ചത്. മുക്കം അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക തെരച്ചിൽ പുരോഗമിക്കുന്നത്.
അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളിൽ ചിലർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.






