ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് വയോധികന് പരിക്ക്. അരൂക്കുറ്റിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ നിന്നിരുന്ന ഉദയപ്പൻ വട്ടത്തറയ്ക്കാണ് ടയർ തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ടയർ ഊരിത്തെറിച്ചതോടെ ബസ് സമീപത്തെ ശ്രീ അയ്യപ്പ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ച് കയറി ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായി.






