തൃശ്ശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് തുടർച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. സ്കൂൾ പരിസരത്തെ തെരുവുനായകളെ പിടികൂടാനുള്ള ശ്രമം ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് അധികൃതർ ഇന്നും ക്ലാസുകൾ നിർത്തിവെച്ചത്.
സ്കൂളിലേക്കെത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ശക്തമായി. ഇതോടെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തി.
സ്കൂൾ പരിസരത്തുള്ള എല്ലാ തെരുവുനായകളെയും നീക്കം ചെയ്തതിന് ശേഷമേ കുട്ടികളെ സ്കൂളിലേക്ക് അയക്കൂ എന്ന നിലപാടിലാണ് രക്ഷിതാക്കൾ. നിലവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭയമില്ലാതെ സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സ്കൂൾ അധികൃതരുടെയും പ്രദേശവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ തെരുവുനായകളെ പിടികൂടി മാറ്റാനുള്ള നടപടി ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശ്രമങ്ങൾ വിജയിച്ചില്ല. ഏകദേശം 200 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ പ്രവർത്തനം ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.
തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം പ്രദേശവാസികളും രക്ഷിതാക്കളും ശക്തമായി ഉന്നയിച്ചിട്ടുണ്ട്.




