തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചില സ്ഥലങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്.
അറബിക്കടലിലും വടക്കൻ തെലങ്കാനയ്ക്ക് സമീപവും രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്. ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് തീരങ്ങളിൽ മഴ തുടരാനാണ് സാധ്യത. ചിലയിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ രക്ഷാക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ആവശ്യമായാൽ പകൽ സമയത്ത് തന്നെ അവിടേക്ക് മാറണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുമായും റവന്യൂ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാം. അടച്ചുറപ്പില്ലാത്തതോ ബലക്ഷയം സംഭവിച്ചതോ ആയ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അപകടസാധ്യത തോന്നുന്ന സാഹചര്യങ്ങളിൽ വൈകാതെ അധികൃതരെ അറിയിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.








