തിരുവനന്തപുരം: കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്കെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ നീക്കത്തിൽ അതീവ ജാഗ്രത പുലർത്താനാണ് സി.പി.എമ്മിന്റെ തീരുമാനം. അവിശ്വാസപ്രമേയത്തിൽ യു.ഡി.എഫുമായി സഹകരിക്കാമെന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടിയുടെ പരസ്യ പ്രതികരണം പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് വഴിവെച്ചതായാണ് സൂചന. ഇതോടെ ജില്ലാ നേതൃത്വത്തിലെ അഭിപ്രായഭിന്നതയും വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയും സി.പി.എമ്മിൽ ഭിന്നത നിലനിന്നിരുന്നു. എം.എൽ.എയായ വി. ജോയിക്കു പകരം വി. ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് വി. ജോയി തന്നെ സ്ഥാനത്ത് തുടരുകയായിരുന്നു.
അതിന് പിന്നാലെ ശിവൻകുട്ടി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന വിമർശനവും ശക്തമായി. നയപരമായ വിഷയങ്ങളിൽപ്പോലും പാർട്ടിയുമായി കൂടിയാലോചിക്കാതെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതോടെയാണ് അവിശ്വാസപ്രമേയ വിഷയത്തിൽ ജില്ലാ സെക്രട്ടറി വി. ജോയിയും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കും തിരുത്തൽ നിലപാടുമായി രംഗത്തെത്തിയത്. പാർട്ടി ചർച്ച ചെയ്യാത്ത വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണമെന്നാണ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
അതേസമയം, ബി.ജെ.പി. ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന കാര്യത്തിൽ പൊതുവായ യോജിപ്പുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം മാത്രമായതിനാൽ ആദ്യ അവിശ്വാസപ്രമേയം പരാജയപ്പെട്ടാൽ വീണ്ടും ആറുമാസം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകും.
കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന ബി.ജെ.പി. കൗൺസിലർ സുഗതന്റെ വിഷയവും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിരുന്നു. ജയിലിൽ കഴിയുന്നതിനാൽ വീണ്ടും സത്യപ്രതിജ്ഞ നടത്താനായിട്ടില്ല. ഈ വിഷയത്തിൽ നിയമപരമായ വ്യക്തത ലഭിച്ചശേഷം മാത്രമേ തുടർനടപടികളെക്കുറിച്ച് തീരുമാനമെടുക്കാവൂ എന്ന നിലപാടിലാണ് പാർട്ടി.
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകാൻ മൂന്നിലൊന്ന് കൗൺസിലർമാരുടെ പിന്തുണ ആവശ്യമാണ്. അതിനാൽ യു.ഡി.എഫിന്റെ പിന്തുണ കൂടാതെ നീക്കം മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഇത് യു.ഡി.എഫ്–എൽ.ഡി.എഫ് സഹകരണമെന്ന രാഷ്ട്രീയ വിമർശനത്തിന് വഴിവെച്ചേക്കുമെന്നും, നിലവിലെ സാഹചര്യത്തിൽ അവിശ്വാസപ്രമേയം വിജയിക്കുമെന്ന ഉറപ്പില്ലെന്നും പാർട്ടി വിലയിരുത്തുന്നു.
ഇത്തരം സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ യു.ഡി.എഫുമായി സഹകരിച്ച് അവിശ്വാസപ്രമേയ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നതാണ് സി.പി.എമ്മിലെ പ്രധാന വിഭാഗത്തിന്റെ നിലപാട്. വിഷയം ഇതുവരെ ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ചർച്ച ചെയ്തിട്ടില്ല. നിലവിൽ സുഗതന്റെ വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.




