തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ജോസഫിന് പ്രധാന പദവി നൽകണമെന്ന് കേരള കോൺഗ്രസ് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നപ്പോൾ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അദ്ദേഹത്തിന് പ്രധാന സ്ഥാനം നൽകണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനമായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയപ്പോഴും പി.ജെ. ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലും ഉണ്ടായിരുന്നില്ല. യോഗത്തിൽ മന്ത്രി മോൻസ് ജോസഫും പങ്കെടുത്തിരുന്നില്ല.
തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയപ്പോൾ, യു.ഡി.എഫ് തീരുമാനപ്രകാരമാണ് പദവികൾ നൽകിയതെന്നായിരുന്നു മറുപടി. മറ്റുള്ളവർക്ക് പദവി നൽകിയതിലല്ല, പി.ജെ. ജോസഫിന് പദവി ലഭിക്കാത്തതിലാണ് അതൃപ്തിയെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാൻ മന്ത്രി മോൻസ് ജോസഫിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. മോൻസ് ജോസഫ് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം.
ക്യാബിനറ്റ് പദവിക്ക് പകരം വയോജന കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിൽ ഏതെങ്കിലും നൽകണമെന്ന ആവശ്യവും കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
അതേസമയം, ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടും. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേരള കോൺഗ്രസിന് 10 ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിച്ചിരുന്നു. ഇത്തവണയും സമാനമായ പ്രാതിനിധ്യമാണ് പാർട്ടി ആവശ്യപ്പെടുന്നത്.
എന്നാൽ അന്ന് കെ.എം. മാണി മുന്നണിയുടെ ഭാഗമായിരുന്നുവെന്ന കാര്യം കോൺഗ്രസിലെ ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിലെ സ്ഥാനവിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതിനെ തുടർന്ന് വിഷയം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. യു.ഡി.എഫ് യോഗവും ഇതുവരെ ചേർന്നിട്ടില്ല. കോൺഗ്രസിലെ തർക്കങ്ങളും യു.ഡി.എഫ് യോഗം ചേരാത്തതും കേരള കോൺഗ്രസിനുള്ളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.



