തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് രണ്ട് പേരും ഇൻഫ്ലുവൻസ ബാധിച്ച് രണ്ട് പേരുമാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് നാല് പേരിലും മലപ്പുറം രണ്ട് പേരിലുമാണ് രോഗബാധ കണ്ടെത്തിയത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 197 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 273 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, വയനാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് നിലവിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും ജൂൺ മാസത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2025ൽ 132 പേരിലും, 2024ൽ 121 പേരിലും, 2023ൽ 90 പേരിലും, 2022ൽ 83 പേരിലും ഷിഗെല്ല ബാധ സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം രോഗബാധയിൽ വർധനവുണ്ടായിരിക്കുന്നത് അസാധാരണ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.





