മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ‘സാക്ഷികൾ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്.
രായര പിക്‌ചേഴ്‌സിന്റെ ബാനറിൽ പുനീത് നിർമിക്കുന്ന ചിത്രം 2027-ൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർഥ വ്യക്തികളിൽ നിന്നും സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘സാക്ഷികൾ’ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.എസ്. അർജുൻ വ്യക്തമാക്കി.
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഘുനാഥ് പലേരി, നിഷാന്ത് സാഗർ, അഭിമന്യു എസ്. തിലകൻ, ശീതൾ ജോസഫ്, അഭിരാം രാധാകൃഷ്ണൻ, നിരഞ്ജ് മണിയൻപിള്ള, ഗോകുലൻ എം.എസ്., ഹരിത് വിജയകൃഷ്ണൻ, ദേവനന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങളാണ് ഓരോരുത്തരും അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് മീനാക്ഷി നിർവഹിക്കുന്നു. എബി സാമുവൽ സംഗീതവും രതിൻ രാധാകൃഷ്ണൻ ചിത്രസംയോജനവും നിർവഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാടും ചമയം സുധി സുരേന്ദ്രനും കൈകാര്യം ചെയ്യുന്നു. അനീഷ് പെരമ്പിലാവാണ് പ്രൊഡക്ഷൻ കൺട്രോളർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജും അസോസിയേറ്റ് ഡയറക്ടർമാരായി രാകേഷ് കൃഷ്ണൻ ജി, ജിഷ്ണു ലക്ഷ്മൺ എന്നിവരും പ്രവർത്തിക്കുന്നു. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ പി.ആർ.ഒ.













