ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. കരേഡയിലെ ബസ് സ്റ്റാൻഡ് പ്രദേശത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. ഏകദേശം 5 ലക്ഷം രൂപ വിലവരുന്ന 40-ഓളം സ്മാർട്ട്‌ഫോണുകൾ കള്ളന്മാർ കവർന്നതായി പൊലീസ് അറിയിച്ചു.
കടയുടെ മേൽക്കൂര വഴി അകത്തുകയറി നടത്തിയ മോഷണത്തിനിടെയാണ് പ്രധാന ബ്രാൻഡുകളുടെ വിലകൂടിയ ഫോണുകൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറയ്ക്കാൻ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചിരുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
സംഭവം നടന്നത് ഇന്നലെ രാത്രിയിലാണെന്ന് കടയുടമ ലക്ഷ്മൺ സെൻ അറിയിച്ചു. രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാത്രി തന്നെ പ്രദേശത്തെ മറ്റൊരു മൊബൈൽ കടയിലും ഇതേ സംഘത്തിന്റെ മോഷണശ്രമം നടന്നതായി പൊലീസ് വ്യക്തമാക്കി. അവിടെയും സിസിടിവിയിൽ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




