ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെയിലർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ചൊവ്വാഴ്ച അർധരാത്രി രണ്ടരയോടെയായിരുന്നു അപകടം.
ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനും ട്രെയിലറിനും തീപിടിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങൾ പ്രകാരം, തീ ആളിപ്പടർന്നതോടെ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായി.
അപകടത്തിന്റെ ആഘാതത്തിൽ സ്ലീപ്പർ ബർത്തുകളിൽ കിടന്നിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. വീഴ്ചയെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. പിന്നീട് തീയിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേർ കൂടി മരണപ്പെട്ടതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റ 22 പേരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസ് അമിതവേഗത്തിലായിരുന്നുവെന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അഗ്നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, ഫയർ ബ്രിഗേഡ് സംഭവസ്ഥലത്ത് എത്താൻ വൈകിയതും അതുവഴി മരണസംഖ്യ ഉയർന്നതുമാണെന്ന് പ്രദേശവാസികളും ദൃക്‌സാക്ഷികളും ആരോപിക്കുന്നു. തീപിടിത്തമുണ്ടായി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തതെന്നാണ് വിവരം.
ബസിന്റെ സ്റ്റോറേജ് ഭാഗത്ത് സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റുകൾ തീ അതിവേഗം വ്യാപിക്കാൻ കാരണമായിരിക്കാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




