എറണാകുളം: മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് എം.സി. റോഡിലെ 130 ജങ്ഷനിൽ അപകടമുണ്ടായത്.
മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ടൂറിസ്റ്റ് ബസിലാണ് അപകടം സംഭവിച്ചത്. പച്ചക്കറി കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ബസിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസിലുണ്ടായിരുന്ന 27 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ നാല് പേർക്ക് തലയ്ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
അപകടവിവരമറിഞ്ഞ് മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവരെ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.എ. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി ഗതാഗത നിയന്ത്രണവും തുടർനടപടികളും ഏറ്റെടുത്തു.
അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. തുടർന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റുകയും റോഡ് വൃത്തിയാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.






