ന്യൂഡൽഹി: ജൂലായ് 1 മുതൽ രാജ്യത്ത് വിവിധ മേഖലകളിൽ നിരവധി നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. പാസ്പോർട്ട് സേവന നിരക്ക് വർധന, റെയിൽവേ പിഴകളിലെ മാറ്റം, പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആധാർ ഇമെയിൽ അപ്ഡേറ്റ്, ഇന്ധനവില കുറവ് തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്.
ധനബിൽ പാസായാൽ നികുതി മാറ്റങ്ങൾ
സംസ്ഥാന ധനബിൽ നിയമസഭ പാസാക്കുന്നതോടെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവുകളും വർധനകളും പ്രാബല്യത്തിൽ വരും. സ്വകാര്യ ബസുകൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്കും ട്രക്കുകൾക്കും നികുതിയിൽ ഇളവ് ലഭിക്കും. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ചില ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറയും. അതേസമയം, 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർധിക്കും.
പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
‘വികസിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ–ഗ്രാമീൺ (VBG RAM-G)’ പദ്ധതി നിലവിൽ വന്നു. തൊഴിലുറപ്പ് ദിവസങ്ങൾ 100ൽ നിന്ന് 125 ആക്കി വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച ഫണ്ട് അനുവദിക്കുന്ന രീതിയാണ് ഇനി പിന്തുടരുക. കേരളത്തിന് 3,136.44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബയോമെട്രിക് ഹാജർ സംവിധാനം നിർബന്ധമാക്കുകയും കരാറുകാരെയും കായികാധ്വാനം ഒഴിവാക്കുന്ന യന്ത്രങ്ങളെയും അനുവദിക്കില്ലെന്നും വ്യവസ്ഥയുണ്ട്.
പാസ്പോർട്ട് ഫീസ് വർധിച്ചു
36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ അപേക്ഷാ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി. തത്കാൽ അപേക്ഷാ ഫീസ് 5,000 രൂപയായി ഉയർന്നു. 60 പേജുള്ള പാസ്പോർട്ടിന്റെ അപേക്ഷാ ഫീസ് 3,500 രൂപയും തത്കാൽ ഫീസ് 6,000 രൂപയുമായി വർധിച്ചു.
‘കേരള’ ഇനി ‘കേരളം’
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കുന്ന നടപടികൾ മുന്നോട്ട് പോകുന്നു. രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭ അംഗീകരിച്ച ശേഷം ലോക്സഭയുടെ അംഗീകാരവും കേന്ദ്ര വിജ്ഞാപനവും ലഭിച്ചാൽ എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്ന പേര് ഉപയോഗിക്കും.
പുതിയ ലേബർ കോഡ്
രാജ്യത്തെ 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ച നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ വന്നു. വേതനം, സാമൂഹ്യസുരക്ഷ, വ്യവസായ ബന്ധങ്ങൾ, തൊഴിൽ സുരക്ഷ എന്നിവയിൽ പുതിയ വ്യവസ്ഥകൾ നിലവിൽ വരും.
ആധാർ ഇമെയിൽ അപ്ഡേറ്റ് സൗജന്യം
ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം ആധാർ മൊബൈൽ ആപ്പ് വഴി അടുത്ത ആറുമാസത്തേക്ക് സൗജന്യമായി തിരുത്താം. മുമ്പ് ഇതിനായി 75 രൂപ ഈടാക്കിയിരുന്നു.
റെയിൽവേ പിഴകൾ കർശനമാക്കി
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് ഇനി കുറഞ്ഞത് 500 രൂപ പിഴ ഈടാക്കും. മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യൽ, അനധികൃത കച്ചവടം, പുകവലി, സ്ത്രീകളുടെ കോച്ചിൽ അനധികൃതമായി പ്രവേശിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴ വർധിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2,500 രൂപ വരെ പിഴ ഈടാക്കും.
സെൻസസ് ആദ്യഘട്ടം തുടങ്ങി
ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം ആരംഭിച്ചു. ജൂലായ് 30 വരെ നടക്കുന്ന ഈ ഘട്ടത്തിൽ വീടുകൾക്ക് നമ്പർ നൽകുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
പെട്രോൾ, ഡീസൽ വില കുറവ്
നയാര എനർജി പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആദ്യമായാണ് സ്വകാര്യ ഇന്ധന കമ്പനി ഇത്തരമൊരു വിലക്കുറവ് പ്രഖ്യാപിക്കുന്നത്.
വാണിജ്യ എൽപിജി സിലിണ്ടർ വിലയും കുറഞ്ഞു
19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 183.50 രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. ഇതോടെ പുതിയ വില 2,390 രൂപയായി. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.




