ഇടുക്കി: ഇടുക്കി കാന്തല്ലൂരിൽ നാലുവയസുള്ള കുട്ടിക്ക് ക്രൂര മർദ്ദനം. ചെന്നൈയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്.
സംഘത്തിലുണ്ടായിരുന്ന കുട്ടിയെയാണ് രണ്ട് യുവാക്കൾ ചേർന്ന് ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയി നിലത്തേക്ക് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമിച്ചവരെ തടഞ്ഞുവെച്ചു. തുടർന്ന് മറയൂർ പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.
പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.













