കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രംഗപ്രവേശം ചെയ്യും.
എന്താണ് യഥാർത്ഥത്തിൽ ഈ എഥനോൾ? സാധാരണ പെട്രോൾ വണ്ടികളിൽ ഇത് ഉപയോഗിക്കുമ്പോൾ എന്തൊക്കെ പ്രതിസന്ധികളാണ് ഉണ്ടാകുന്നത്? നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും ഈ ഹരിത ഇന്ധനം എങ്ങനെ സ്വാധീനിക്കുന്നു? എന്താണ് ഈ ഫ്ളക്സ് ഫ്യുവൽ? വാഹനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ ഇത് കൊണ്ടുവരും? ഇപ്പോഴുള്ള വാഹനങ്ങൾ ഇനി എന്ത് ഇന്ധനം അടിക്കും എന്നിങ്ങനെ ജനങ്ങളുടെ മനസിൽ ഉരുണ്ടുകൂടുന്ന സംശയങ്ങൾ അനവധിയാണ്.
എന്താണ് എഥനോൾ എന്ന് ആദ്യം നോക്കാം- കരിമ്പ്, ചോളം, അരി തുടങ്ങിയ കാർഷിക വിളകളിലെ പഞ്ചസാരയും അന്നജവും ഈസ്റ്റിന്റെ സഹായത്തോടെ പുളിപ്പിച്ചാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. തുടർന്ന് ലഭിക്കുന്ന ദ്രാവകം അത്യാധുനിക സംവിധാനങ്ങളിലൂടെ വാറ്റി ശുദ്ധീകരിച്ച് അതിലെ ജലാംശം പൂർണ്ണമായും നീക്കം ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന 99.5 ശതമാനം ശുദ്ധതയുള്ള ഈ ആൽക്കഹോൾ ആണ് നമ്മൾ പെട്രോളിൽ കലർത്തുന്നതിനുള്ള ഇന്ധന-ഗ്രേഡ് എഥനോൾ ആയി മാറ്റുന്നത്. ഇത് കർഷകർക്കും സാമ്പത്തിക നേട്ടമാകും എന്ന പ്രതീക്ഷയുമുണ്ട്.
എഥനോൾ-പെട്രോൾ മിശ്രിതം ഇന്ധനമായി ഉപയോഗിക്കാനുള്ള ആശയമാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് പിന്നിൽ. സാങ്കേതികവിദ്യ എത്തിയാലും ആവശ്യത്തിന് എഥനോൾ ഇന്ധന സ്റ്റേഷനുകളിൽ ലഭ്യമാക്കിയാൽ മാത്രമേ ഈ മാറ്റം പൂർണമാവുകയുള്ളൂ. ഒപ്പം എഥനോൾ കലർന്ന പെട്രോൾ അടിക്കുമ്പോൾ വാഹനങ്ങൾക്ക് ഇന്ധനക്ഷമതയിൽ കാര്യമായ കുറവുണ്ടാവുന്നില്ലെന്നും കേടുപാടുകൾ സംഭവിക്കുന്നില്ലെന്നും ഉറപ്പിക്കുകയും വേണം. വാഗൺ ആർ ഫ്ളക്സ് ഫ്യുവലിന്റെ വരവ് ഇതിനൊരു തുടക്കമാണ്. ഹീറോ മോട്ടോകോർപ് സ്പ്ലൻഡൻ പ്ലസ്, എച്ച്എഫ് ഡീലക്സ് എന്നിവയുടെ ഫ്ലെക്സ് ഫ്യുവൽ പതിപ്പുകൾ ഇറക്കി കഴിഞ്ഞു. C20 മുതൽ C85 വരെയുള്ള എഥനോൾ മിശ്രിതങ്ങളിൽ ഓടാൻ സാധിക്കുന്നവയാണ് ഈ ബൈക്കുകൾ.
രാജ്യത്തെ എഥനോൾ ഉത്പാദനം വർധിപ്പിക്കാനും പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആണ് ഫ്ലെക്സ്- ഫ്യുവൽ വാഹനങ്ങളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും.
ഉയർന്ന അളവിൽ എഥനോൾ ചേർത്ത പെട്രോളിന് വലിയ പ്രോത്സാഹനമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഇതിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കിയത് തന്നെ പ്രധാന തെളിവ്. E 20ക്ക് മുകളിലുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായാണ് പുതിയ തീരുമാനം. സർക്കാർ വിജ്ഞാപനമനുസരിച്ച്, 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോളിന് ഇനി എക്‌സൈസ് തീരുവ ഉണ്ടായിരിക്കില്ല. E 22, E 25, E 27, E 30 എന്നീ ഇന്ധന വകഭേദങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
നേരത്തെ, എൽപിജി കുറച്ച് പിഎൻജി വ്യാപിപ്പിച്ചതിനോട് സാമ്യമായ നടപടി തന്നെയാണ് ഇവിടെ പെട്രോളിന്റെ കാര്യത്തിലും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കുകയും ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതും മലീകരണമില്ലാത്തതുമായ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിന്റെ മനസിലുള്ളത്.
എഥനോൾ ഇന്ധനത്തിലേക്കുള്ള ഈ മാറ്റം ഒറ്റയടിക്ക് എത്തിയതല്ല, പശ്ചിമേഷ്യൻ യുദ്ധവുമല്ല കാരണം. പക്ഷേ നീക്കം വേഗത്തിലാക്കി എന്നതാണ് യുദ്ധത്തിന്റെ റോൾ. 2018ൽ അവതരിപ്പിക്കുകയും 2022ൽ ഭേദഗതി വരുത്തുകയും ചെയ്ത ദേശീയ ബയോഫ്യൂവൽ നയത്തിൽ 2030ഓടെ 20 ശതമാനം എഥനോൾ മിശ്രിത ഇന്ധനം രാജ്യവ്യാപകമാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. എന്നാൽ ഈ ലക്ഷ്യം പ്രതീക്ഷിച്ചതിലും വേഗത്തിൽ കൈവരിക്കാനായി എന്നതാണ് പ്രത്യേകത. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യങ്ങളിൽ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇത് പല രീതിയിലും ഇന്ത്യയെ അലട്ടുന്ന പ്രശ്നമാണ്. രണ്ട് ഇന്ധന കപ്പലുകൾ എത്താതിരുന്നാൽ പോലും രാജ്യം സ്തംഭിക്കും എന്ന തിരിച്ചറിവ് ഹോർമൂസ് വിഷയത്തിലൂടെ ഇന്ത്യക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള പ്രധാന മാർഗമായി എഥനോളിനെ സർക്കാർ കണ്ടാൽ തെറ്റ് പറയാനുമില്ല.
ഇറക്കുമതിക്ക് പകരം ചെലവുകുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ആഭ്യന്തര ഇന്ധനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്കരി വ്യക്തമാക്കിയിരുന്നു. എഥനോൾ ഉപയോഗം മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കർഷകർക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്ന പോസിറ്റീവ് വശവുമുണ്ട്. മാത്രമല്ല, പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോൾ കാർബൺ ബഹിർഗമനം കുറയ്ക്കും.
ഇന്ത്യ മാത്രമല്ല എഥനോൾ പെട്രോളിൽ കലർത്തുന്നത്. ലോകത്തിലെ ആകെ എഥനോൾ ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും കൈപ്പിടിയിലൊതുക്കിയിരിക്കുന്നത് അമേരിക്കയും (57.76%) ബ്രസീലുമാണ് (34.9%). ആഗോള വിപണിയിൽ വെറും 3.31% വിഹിതവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ആദ്യ ഘട്ടത്തിൽ ഡൽഹി- എൻസിആർ, മുംബൈ-പുനെ- നാഗ്പൂർ കോറിഡോറുകളിലായി 100 ഇ85 സ്‌റ്റേഷനുകൾ സ്ഥാപിക്കും. ഈ വർഷം അവസാനത്തോടെ ഇതിന്റെ എണ്ണം 500 ആയും 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമായി 5000 ഔട്ട്‌ലെറ്റുകളായും ഉയർത്താനാണ് ലക്ഷ്യം. ഇന്ത്യയിൽ ഭക്ഷ്യസുരക്ഷയെ ബാധിക്കാതെ ഇന്ധനം നിർമിക്കാനും വടക്കേ ഇന്ത്യയിലെ വൈക്കോൽ കത്തിക്കൽ മൂലമുണ്ടാകുന്ന വായുമലിനീകരണം തടയാനും ഒരു പരിധി വരെ ഈ മാറ്റം സഹായിച്ചേക്കാം.
ഇനി പഴയ വാഹനം ഉപയോഗിക്കുന്നവർ എന്ത് ചെയ്യണമെന്ന ചോദ്യമാണ് ബാക്കിയുള്ളത്. വർഷങ്ങൾക്കു മുൻപ് നിരത്തിലിറങ്ങിയ പഴയ പെട്രോൾ വാഹനങ്ങളിൽ പലതിനും E20 വില്ലനാകുന്നു എന്ന പരാതികൾ വ്യാപകമാണ്. മൈലേജ് കുറയൽ, റബ്ബർ ഭാഗങ്ങളുടെ കേടുപാടുകൾ, ഇന്ധന സംവിധാനങ്ങളിലെ തുരുമ്പെടുക്കൽ, സ്റ്റാർട്ടിങ് പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഇവയിൽ ചിലത്. ഇതിനെല്ലാം പുറമെ, എഥനോളിന്റെ മണം പിടിച്ച് ഇന്ധന പൈപ്പുകളിലേക്ക് തുളച്ചുകയറുന്ന വണ്ടുകൾ ഉണ്ടാക്കുന്ന സുഷിരങ്ങൾ മൂലമുള്ള പെട്രോൾ ചോർച്ചയും പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ വ്യാപനം വിജയകരമാകണമെങ്കിൽ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആശങ്കകൾക്കും തുല്യ പ്രാധാന്യം നൽകേണ്ടതുണ്ട്. നിലവിലുള്ള വാഹനങ്ങളിൽ എഥനോളിന്റെ ദീർഘകാല സ്വാധീനം എന്തായിരിക്കും എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം ഏതൊക്കെ വാഹനങ്ങൾ ഏത് മിശ്രിതം വരെ സുരക്ഷിതമായി ഉപയോഗിക്കാം എന്നീ കാര്യങ്ങളിൽ വ്യക്തവും ശാസ്ത്രീയവുമായ മാർഗനിർദേശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്.




