തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ഡിജിപി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് മതചടങ്ങുകളിൽ പങ്കെടുക്കുകയും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ റീൽസ് രൂപത്തിൽ പങ്കുവെയ്ക്കുകയും ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ക്രമസമാധാന ചുമതലയിലുള്ള ഔദ്യോഗിക ഡ്യൂട്ടിയല്ലാത്ത സാഹചര്യങ്ങളിൽ യൂണിഫോം ധരിച്ച് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള എല്ലാവർക്കും ഈ നിർദേശം ബാധകമാണെന്ന് ഡിജിപി അറിയിച്ചു.




