കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലായി. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത ബെദൂൻ വംശജനായ അറബ് യുവാവുമാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 358 ലഹരിഗുളികകളും ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മൂർച്ചയേറിയ മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
മനുഷ്യക്കടത്തും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും ആയുധങ്ങളും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവയ്‌ക്കെതിരെ രാജ്യത്തുടനീളം വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.






