കൊല്ലം: കൊല്ലം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തിയിരുന്ന തെരുവുനായയെ വെടിവെച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
12-ാം വാർഡിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ ഈ നായ ആക്രമിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിട്ടും നായയെ നിയന്ത്രിക്കാൻ ശ്രമങ്ങൾ ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഷൂട്ടറെ ഉപയോഗിച്ചാണ് നായയെ വെടിവെച്ചത്. പ്രദേശത്ത് നാട്ടുകാർ ഏറെക്കാലമായി തെരുവുനായ ശല്യത്തിൽ ബുദ്ധിമുട്ടിലായിരുന്നുവെന്ന് അധികൃതർ പറയുന്നു.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അപകടകാരികളായ തെരുവുനായ്ക്കളുടെ ദയാവധത്തിന് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തെരുവുനായ ആക്രമണങ്ങൾ പൗരന്മാരുടെ സുരക്ഷയ്ക്കും അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനും ഭീഷണിയാകുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.






