തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചു. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് നിയമനത്തിനു സാധുതയായത്. എൻ.ശേഷാദ്രിനാഥന്റെ നിയമനത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസാണ് നിയമനത്തിൽ പ്രധാനമായും എതിർപ്പ് ഉന്നയിച്ചത്. എന്നാൽ നിയമന ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യത കുറവായിരുന്നു. മുൻ ജില്ലാ ജഡ്ജിയാണ് എൻ.ശേഷാദ്രിനാഥൻ. എ. ഷാജഹാൻ വിരമിച്ച ഒഴിവിലാണ് പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥൻ എത്തുന്നത്. ശേഷാദ്രിനാഥനു സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസിൽ ഒരു വിഭാഗം നിയമനത്തെ എതിർത്തത്.













