കൊച്ചി: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊല്ലത്തെ ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. 18 വർഷത്തെ നിയമപോരാട്ടത്തിന് വലിയ മുന്നേറ്റമാണ് ഇതെന്ന് മനോജ് പ്രതികരിച്ചു. കൺമുന്നിൽ നടന്ന അഴിമതി തെളിയിക്കാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസിൽ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും, മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു. ഇപ്പോൾ സർക്കാർ അനുമതി നൽകിയതോടെ കേസിന്റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രോസിക്യൂഷൻ അനുമതി വൈകിയതിനെ തുടർന്ന് വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയും ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.













