വയനാട്: ചേകാടിയിലെ വനഗ്രാമമായ ചന്ദ്രോത്തെ ഉന്നതിക്ക് സമീപം ഒരു കാട്ടാന നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ‘ലക്ഷ്മി’ എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന ഈ ആന ദിവസവും ജനവാസ മേഖലയിലെത്തി ആളുകളുമായി ഇടപഴകുന്നതാണ് പ്രത്യേകത.
വനാതിർത്തിയോട് ചേർന്ന കിടങ്ങിന് സമീപം ദിവസവും രാവിലെ എത്തുന്ന ലക്ഷ്മി വൈകുന്നേരം വരെ അവിടെ തന്നെ ഉണ്ടാകും. ഇടയ്ക്ക് വനത്തിനുള്ളിലേക്ക് പോയാലും ആളുകളുടെ ശബ്ദം കേട്ടാൽ ഉടൻ തിരികെ എത്തുന്ന സ്വഭാവമാണ് ഇവർക്കുള്ളത്. നാട്ടുകാർ നൽകുന്ന ചക്കയും മാങ്ങയും ലക്ഷ്മി വാങ്ങിക്കഴിക്കുന്നതായും പറയുന്നു.
സാധാരണയായി കാട്ടാനകൾ മനുഷ്യരെ കണ്ടാൽ അക്രമസ്വഭാവം കാണിക്കുന്നുണ്ടെങ്കിലും ലക്ഷ്മി അതിൽ നിന്ന് വ്യത്യസ്തയാണ്. കഴിഞ്ഞ ഒരു മാസമായി ഇവിടെ സ്ഥിരമായി എത്തുന്ന ഈ ആന ആളുകളുമായി ഇണങ്ങിയതോടെ കുട്ടികൾക്കും നാട്ടുകാർക്കും ഭയമില്ലാതെ അടുത്തുചേരാൻ സാധിക്കുന്നു. വനാതിർത്തിയായതിനാൽ പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലാണ്. എങ്കിലും ലക്ഷ്മി ഇതുവരെ കൃഷിനാശമോ ആളുകൾക്ക് ആക്രമണമോ ഉണ്ടാക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ലക്ഷ്മിയുടെ സാന്നിധ്യം ഇപ്പോൾ പ്രദേശത്തിന്റെ ആകർഷണമായി മാറിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഈ കാഴ്ച കാണാൻ എത്തുന്നുണ്ട്. മനുഷ്യരും കാട്ടാനയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ഉദാഹരണമായി ഇത് മാറിയിരിക്കുകയാണ്.




