കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപവും വ്യാജപ്രചാരണവും നടന്നെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ വീണ്ടും കോടതിയെ സമീപിച്ചു. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഇതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് ഈ മാസം 9-ന് വീണ്ടും പരിഗണിക്കും.
തനിക്കെതിരായ തെറ്റായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്നും, ഇത് തന്റെ പ്രശസ്തിക്കും അന്തസ്സിനും ദോഷം വരുത്തുന്നുവെന്നും അൻസിബ ആരോപിച്ചു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.
എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയും നടപടികൾ സ്വീകരിക്കാതെയും പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് അൻസിബ ആരോപിക്കുന്നു. ഇതുവഴി വ്യാജപ്രചാരണങ്ങൾ തുടരാൻ അവസരം ലഭിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇതിനിടെ, നടൻ ടിനി ടോമിനെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കടവന്ത്ര പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.





