പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസ് (70)നെ കാണാതായിട്ട് ആറു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. മോഹൻദാസിനെ കണ്ടെത്തുന്നതിനായി തെരച്ചിൽ കൂടുതൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കളക്ടർക്കും എസ്പിക്കും പരാതി നൽകി.
മൂപ്പനെ കണ്ടെത്തുന്നതിനായി ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. കുടുംബാംഗങ്ങളും പൊലീസും വനവകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ശനിയാഴ്ച രാവിലെയാണ് മോഹൻദാസിനെ കാണാതായത്. സമീപ വനത്തിലേക്ക് കയറിപ്പോയ ശേഷമാണ് ഇയാളെ കാണാതായതെന്നാണ് വിവരം.
കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനും ഇതുവരെ ഫലം കണ്ടിട്ടില്ല. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് ഇപ്പോൾ പരിശോധനകൾ പുരോഗമിക്കുന്നത്.
2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് മോഹൻദാസിന് കഴിഞ്ഞ ദിവസം സമൻസ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം കാടുകയറിയതെന്നാണ് സൂചന. അതേസമയം, പൊലീസ് കൈക്കൂലി വാങ്ങി കേസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണം കോന്നി പൊലീസ് നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.





