കൊച്ചി: വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാനിന് തിരിച്ചടി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇനി നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹം നടന്ന സമയത്ത് യുവതി പ്രായപൂർത്തിയായിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് മധ്യപ്രദേശ് പൊലീസ് മുഹമ്മദ് ഫർഹാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ മുൻകൂർ ജാമ്യം തേടാൻ മധ്യപ്രദേശിലെ കോടതിയെ സമീപിക്കുന്നതിനായി കേരള ഹൈക്കോടതി നേരത്തെ ഫർഹാനിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആ സമയത്ത് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മധ്യപ്രദേശ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അറസ്റ്റ് തടയുന്ന ഉത്തരവ് വീണ്ടും നീട്ടണമെന്ന ആവശ്യവുമായി ഫർഹാൻ കേരള ഹൈക്കോടതിയെ സമീപിച്ചു.
മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഇടപെടാൻ നിയമപരമായ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ഹർജി തള്ളിയത്. ഇതോടെ മുഹമ്മദ് ഫർഹാനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികളുമായി മധ്യപ്രദേശ് പൊലീസിന് ഇനി മുന്നോട്ട് പോകാനാകും.













