സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വാടകമുറിയിൽ മലയാളി യുവാവിനെയും യുപി സ്വദേശിയായ യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സുള്ള മലയാളി യുവാവും 24 വയസ്സുള്ള യുവതിയുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എസ്ബിഐ കോളനിക്ക് സമീപമുള്ള വാടകമുറിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രണയബന്ധവുമായി ബന്ധപ്പെട്ട സംഭവമായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്. യുവതി വിഷം കഴിച്ച നിലയിലും യുവാവ് കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




