ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. അയോധ്യ രാമക്ഷേത്ര കോംപ്ലക്‌സിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം.
കേസിൽ നേരത്തെ അറസ്റ്റിലായ എട്ട് പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ നേരത്തെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ വീണ്ടും വിളിപ്പിച്ചത്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്നുമാണ് സൂചന.
താൽക്കാലിക ജീവനക്കാരായി 125 പേരെ നിയമിച്ചതിൽ അനിൽ മിശ്രയുടെ പങ്ക് ഉൾപ്പെടെ എസ്‌ഐടി പരിശോധിച്ചു വരുന്നു. ഇയാളുടെ വിവിധ സ്ഥലങ്ങളിലെ സ്വത്തുക്കളും അന്വേഷണ പരിധിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ചമ്പത്ത് റായി, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം മുന്നേറുന്നത്.
ചമ്പത്ത് റായിയുടെ ഡ്രൈവർ ടിന്റു യാദവിന്റെ സാമ്പത്തിക ഇടപാടുകളും പണം സൂക്ഷിച്ച മുറിയുടെ താക്കോൽ കൈവശം ഉണ്ടായതുമെല്ലാം അന്വേഷണത്തിൽ ശ്രദ്ധേയമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഇതിൽ ചമ്പത്ത് റായിക്ക് പങ്കുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്.
ഇതിനിടെ, ക്ഷേത്ര ട്രസ്റ്റ് അനിൽ മിശ്രയ്ക്കും ചമ്പത്ത് റായിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി അയോധ്യ ബാർ അസോസിയേഷൻ നേരത്തെ പരാതി നൽകിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജർ എ. രഘുറാം സാഗറിനെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ട്രസ്റ്റും ബാങ്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ ബാങ്കിംഗ് പ്രവർത്തനങ്ങളും ഇയാൾ കൈകാര്യം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രാമക്ഷേത്രത്തിൽ നിന്നുള്ള സംഭാവന പണം ജീവനക്കാർ ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് എസ്‌ഐടി നിർണായക കണ്ടെത്തലുകൾ നടത്തിയത്.




