ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പരാഗ്വായോട് പരാജയപ്പെട്ട് ജർമനി പുറത്തായതിന് പിന്നാലെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജൂലിയൻ നാഗൽസ്മാൻ രാജിവെച്ചു. ലോകകപ്പിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ ടീമിനും പരിശീലകനുമെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ കുറസോവോയെ 7-1ന് തകർത്താണ് ജർമനി ടൂർണമെന്റിന് തുടക്കമിട്ടത്. തുടർന്ന് ഐവറി കോസ്റ്റിനെ 2-1ന് തോൽപ്പിച്ചെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയെങ്കിലും പരാഗ്വായോട് തോറ്റതോടെ ജർമനിയുടെ കിരീടപ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.
പരാജയത്തിന് പിന്നാലെ ടീം ക്യാപ്റ്റൻ ജോഷ്വാ കിമ്മിച്ചും സൂപ്പർതാരം ഡെനിസ് ഉൻഡാവും ടീമിന്റെ പ്രകടനത്തെ വിമർശിച്ചിരുന്നു. വിജയത്തിനായുള്ള മനോഭാവത്തോടെയല്ല ജർമനി കളിച്ചതെന്നാണ് കിമ്മിച്ചിന്റെ പ്രതികരണം.
2023 സെപ്റ്റംബറിലാണ് ജൂലിയൻ നാഗൽസ്മാൻ ജർമൻ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജർമനി 37 മത്സരങ്ങളിൽ നിന്ന് 23 ജയവും ഏഴ് സമനിലയും ഏഴ് തോൽവിയും സ്വന്തമാക്കി.
2014 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനി പ്രീക്വാർട്ടറിന് അപ്പുറം കടക്കാതെ പുറത്താകുന്നത്.
അതേസമയം, മുൻ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് ജർമൻ ദേശീയ ടീമിന്റെ പുതിയ പരിശീലകനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, ഈ വിഷയത്തിൽ പ്രതികരിച്ച ക്ലോപ്പ്, തന്റെ പേര് ഉയരുന്നുണ്ടെന്ന് അറിയാമെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലെന്ന് വ്യക്തമാക്കി.


