കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് വി.എസ്. ബിന്ദു കുമാരിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ശേഷം ജിതിൻ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലായിരുന്നു. നേരത്തെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജിതിൻ ഭാസ്‌കർ. ബ്രോഡ്കാസ്റ്റ് വഴി 200-ലധികം ആളുകൾക്ക് സന്ദേശം അയച്ചതും തെളിവുകൾ നശിപ്പിച്ചതുമാണ് കേസിലെ പ്രധാന ആരോപണം. ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന ജിതിൻ, സന്ദേശം മറ്റ് ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
വടകരയിലെ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസാണിത്. കേസിൽ മുമ്പ് ഉൾപ്പെട്ടിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.



