ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ഒരു ഇലക്ട്രോണിക് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് പ്രതിയെ ഗാസിയാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.
ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് ഇന്നും ഇന്നലെയും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഐഎസ്ആർഒ അഡ്മിനിസ്ട്രേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



