ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് തന്റെ ചിത്രവും പേരും ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പോസ്റ്ററിൽ ചിത്രം ഉൾപ്പെടാതിരുന്നത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാമെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്ററിലെ ചിത്രം ഒഴിവാക്കിയ സംഭവം വാർത്തയായതിന് പിന്നാലെ തന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളി വിജയകരമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്ററിൽ ചിത്രം ഇല്ലാത്തതിന്റെ പേരിൽ വള്ളംകളിയുമായി സഹകരിക്കില്ലെന്ന തരത്തിലുള്ള വാർത്തകൾ വന്നത് ശരിയല്ലെന്നും താൻ ഒരു തരത്തിലുള്ള പ്രതിഷേധവും അറിയിച്ചിട്ടില്ലെന്നും എംപി വ്യക്തമാക്കി.
പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ആദ്യ പോസ്റ്ററിലാണ് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഉൾപ്പെടുത്താതിരുന്നത്. സംഭവം വിവാദമായതോടെ എംപിയുടെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കുകയായിരുന്നു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലാണ് കുട്ടനാട് ഉൾപ്പെടുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നു.











