കോഴിക്കോട്: നിറയെ സ്വപ്നങ്ങളുമായാണ് കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണ (32) അഞ്ചുമാസം മുമ്പ് ബെംഗളൂരുവിലെത്തിയത്. പുതിയ ജോലിയും പുതിയ നഗരവും ജീവിതത്തിന്റെ പുതിയ അധ്യായമാകുമെന്ന് പ്രതീക്ഷിച്ച സാനി, ജോലിക്കൊപ്പം യാത്രയും നൃത്തവും പോലുള്ള ഇഷ്ടവിനോദങ്ങളും ആസ്വദിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. എന്നാൽ, ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപിക്കപ്പെടുന്ന ഒരു അപകടം അവളുടെ ജീവിതം തകർത്തു.
ജൂൺ 17-ന് രാവിലെ 9.15-ഓടെ സി.വി. രാമൻനഗറിലെ വസതിയിൽ നിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകാൻ സാനി ആദ്യമായി ഓൺലൈൻ ബൈക്ക് ടാക്സി സേവനമായ റാപ്പിഡോ ബുക്ക് ചെയ്തു. യാത്ര ആരംഭിക്കുന്നതിനൊപ്പം ആപ്പിലെ ‘വുമൺ സേഫ്റ്റി’ ഫീച്ചറും സജീവമാക്കിയിരുന്നു.
യാത്രയ്ക്കിടെ ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. പിന്നാലെ സാനിയുടെ ശരീരത്തിലൂടെ ട്രക്കിന്റെ ടയറുകൾ കയറിയിറങ്ങിയതോടെ ഗുരുതര പരുക്കേറ്റ അവളെ ഉടൻ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റി. നിലവിൽ കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണ്.
വാരിയെല്ല്, നട്ടെല്ല്, ഇടത് തോൾ എന്നിവയ്ക്ക് ഗുരുതര പരുക്കേറ്റ സാനിക്ക് പ്ലാസ്റ്റിക് സർജറിയുൾപ്പെടെ മൂന്ന് ശസ്ത്രക്രിയകൾ ഇതിനകം നടത്തി. 16 ദിവസത്തിലേറെയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സാനിക്ക് ഭക്ഷണവും മറ്റ് പ്രാഥമിക ആവശ്യങ്ങളും ട്യൂബിലൂടെയാണ് നൽകുന്നത്. ചികിത്സയ്ക്കായി ഇതിനോടകം ഏകദേശം 25 ലക്ഷം രൂപ ചെലവായിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കുടുംബം റാപ്പിഡോ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്നാണ് ആരോപണം. സാനി യാത്ര ചെയ്ത ബൈക്കിന് ടാക്സി പെർമിറ്റില്ലായിരുന്നുവെന്നും അതിനാൽ സംഭവത്തിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് റാപ്പിഡോയുടെ നിലപാട്.




