പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും മർദനമേറ്റതിനും തെളിവുകളില്ലെന്നുമാണ് വൈദ്യപരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. അതേസമയം, ശിശുക്ഷേമ സമിതി (CWC)യുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വ്യക്തിവൈരാഗ്യത്തിന്റെ പശ്ചാത്തലത്തിലാകാം പെൺകുട്ടി സഹപാഠികൾക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപവും മറ്റൊരു വിദ്യാർഥിനിയുടെ വീട്ടിലും വച്ച് പീഡനം നടന്നുവെന്നായിരുന്നു ആരോപണം.
സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒരു പെൺകുട്ടി ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നിലവിൽ പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. അതേസമയം, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി.




