ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെ സാരമായി ബാധിച്ചു. ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ അഞ്ച് അന്താരാഷ്ട്ര സർവീസുകളും പത്ത് ആഭ്യന്തര സർവീസുകളും ഉൾപ്പെടുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങളുടെ സർവീസുകൾ വൈകുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.
സാഹചര്യം നേരിടാൻ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയവിവരം ഉറപ്പാക്കണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വരും ദിവസങ്ങളിലും ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.











