തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം സർക്കാരിന് ലഭിച്ചതിനെ തുടർന്ന് കേസ് വിജിലൻസിന് കൈമാറാനുള്ള സാധ്യത ശക്തമായി. അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. പി.എസ്.സി സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണത്തിന് നിയമപരമായ തടസ്സമില്ലെന്നും അഭിപ്രായമുണ്ട്. എന്നാൽ ഭരണഘടനാ സ്ഥാപനമായതിനാൽ പി.എസ്.സി ചെയർമാനോ അംഗങ്ങളോക്കെതിരെ നേരിട്ട് നടപടി സ്വീകരിക്കാൻ സർക്കാരിന് പരിമിതികളുണ്ടെന്നും നിയമോപദേശം വ്യക്തമാക്കുന്നു. അതേസമയം, ലഭിച്ച പരാതികൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്നും വിലയിരുത്തലുണ്ട്.
അന്വേഷണം വിജിലൻസ് ഏറ്റെടുത്താൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
പി.എസ്.സി നടത്തിയ ചില പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നിയമോപദേശം തേടിയത്. മുമ്പ് അന്വേഷണം ചെയർമാന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് നടത്തിയത് എന്നത് വിവാദമായിരുന്നു. ഇത് അന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.
അസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നതും വിവാദമായിരുന്നു. ഇതിനെ തുടർന്ന് രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമനങ്ങൾ നടക്കുകയും ചെയ്തു. പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി എത്തിയതോടെയാണ് പിശക് പി.എസ്.സി സമ്മതിച്ചത്.
അതേസമയം, ഫിഷറീസ് വകുപ്പ്, കെ.എ.എസ്., ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലെ തെരഞ്ഞെടുപ്പ് നടപടികളിലും പരാതികൾ ഉയർന്നിട്ടുണ്ട്. ഈ പരാതികളും വിജിലൻസ് അന്വേഷണത്തിന് പരിഗണിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.


