ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ. ഇന്ത്യയുടെ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കുമിടയിലെ “പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്” ഇറാൻ എംബസി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അത്താ ഹുസൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുത്തു. വിവിധ മതനേതാക്കളും ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി.
ഇന്ത്യൻ സംഘത്തിന്റെ സാന്നിധ്യം ഇരുരാജ്യങ്ങൾക്കുമിടയിലെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇറാൻ അറിയിച്ചു. ദുഃഖസമയത്ത് ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും ഹൃദയപൂർവം നന്ദി അറിയിക്കുന്നതായും ഇറാൻ എംബസി ‘എക്‌സി’യിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഈ പ്രകടനം ഇറാനിലെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്നും, ഇത് ഇന്ത്യ-ഇറാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുറിപ്പിൽ പറയുന്നു.
അതേസമയം, ഖമനേയിയുടെ വിയോഗത്തിൽ രാജ്യത്ത് ദുഃഖാചരണം തുടരുകയാണ്. വിലാപയാത്രയും ചടങ്ങുകളും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. അദ്ദേഹം പിന്നീട് മഷ്ഹാദിലെ ഇമാം റാസ മസ്ജിദിൽ കബറടക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്.












