ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗമില്ലാത്തത് ഹൃദ്രോഗ ചികിത്സയെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. അടിയന്തര ചികിത്സ ലഭിക്കാതെ നിരവധി രോഗികൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുകാലത്തിനിടെ ചികിത്സ ലഭിക്കാതെ നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.
ഏറ്റവും ഒടുവിൽ ജീവൻ നഷ്ടമായത് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ബിനുവിനാണ്. തിരുവനന്തപുരം സ്വദേശിയായ ബിനു എസ് പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങളുമായി ഇടുക്കി മെഡിക്കൽ കോളേജിലെത്തുന്ന രോഗികളെ നിലവിൽ കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണ്. എന്നാൽ ദൂരെയുള്ള ആശുപത്രികളിലേക്കുള്ള യാത്രയ്ക്കിടെ പല രോഗികൾക്കും ജീവൻ നഷ്ടമാകുന്നതായാണ് പരാതി.
ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാർക്കായി രണ്ട് തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. കൂടാതെ കാർഡിയോളജി ഐസിയു, കാത്ത് ലാബ്, ഒപി വിഭാഗം എന്നിവയും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂറിലധികം രോഗികൾ തറയിൽ കിടക്കേണ്ടി വന്ന സാഹചര്യം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ കണക്കെടുപ്പിന് പിന്നാലെ രോഗികളെ മാറ്റുന്നതിനുള്ള പ്രവർത്തനരേഖ ഇന്ന് സർക്കാരിന് കൈമാറും. 500 കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിലേക്ക് രോഗികളെ മാറ്റാനാണ് ആലോചന. ജനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികളെ ഘട്ടംഘട്ടമായി മാറ്റും.
മെഡിക്കൽ കോളേജുകളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് പുതിയ നിർദേശങ്ങളും പുറത്തിറക്കി. ഡോക്ടറെ വീണ്ടും കാണാതെ ആറുമാസം വരെ ഫാർമസിയിൽ നിന്ന് മരുന്ന് ലഭ്യമാക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തും. ഒരു മാസത്തേക്കുള്ള മരുന്ന് ഒറ്റത്തവണ നൽകാനും നിർദേശമുണ്ട്.
ഗുരുതര പരിക്കുകളുള്ളവർക്ക് അഞ്ച് മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം, എല്ലാ കിടപ്പുരോഗികൾക്കും പ്രത്യേക കട്ടിൽ, മെത്ത, തലയണ എന്നിവ ഉറപ്പാക്കണം, മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്നും എല്ലാ സേവന കൗണ്ടറുകളിലും പരാതി രജിസ്റ്റർ സംവിധാനം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ശുചിമുറികൾ ഓരോ മണിക്കൂറിലും വൃത്തിയാക്കണമെന്നും രോഗികളുടെ സഹായത്തിനായി ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ നിർദേശങ്ങൾ 100 ദിവസത്തിനകം നടപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.


