പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.
സുമൻ, പ്രിയേഷ്, രാഹുൽ എന്നീ സിവിൽ പൊലീസ് ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചതെന്ന സംഭവം പുറത്തുവന്നത്.
ലഹരിവിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ ഉദ്യോഗസ്ഥരുടെ നടപടി പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി വിലയിരുത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്. സംഭവം ഗൗരവമായി കണക്കിലെടുത്ത ജില്ലാ പൊലീസ് മേധാവി അർധരാത്രിയോടെ തന്നെ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കി.




