കൊച്ചി: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പത്താം പ്രതി നവാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന നിലയിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒരു വർഷമായി ജയിലിൽ കഴിയുകയായിരുന്നു നവാസ്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. 2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം. കേസിലെ പ്രതികൾ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ 156 സാക്ഷികളെ വിസ്തരിക്കുകയും ആയിരത്തോളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വിരലടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ട് മാപ്പുകൾ തുടങ്ങിയ നിർണായക തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.
അതേസമയം, നവാസിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നിലവിലെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ ശിക്ഷയും നിയമനടപടികളും തുടർന്നുകൊണ്ടിരിക്കുകയാണ്.




