മലപ്പുറം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 11.25ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ജങ്ഷനിൽ ട്രാഫിക് നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമമുണ്ടായത്.
പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു എറിഞ്ഞതായി പരാതിയിൽ പറയുന്നു. തുടർന്ന് പൊതുജനങ്ങൾക്കിടയിൽ വെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു നടപടി.
വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.











