ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. ഹരിപ്പാട് പൊലീസാണ് പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.
സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇന്ന് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്. രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പരിശോധന നടക്കും. മകളുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സാവരിയയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പൊലീസിന് നൽകിയ മൊഴിയിൽ പ്രതി മുമ്പും സാവരിയയെ ഉപദ്രവിച്ചിരുന്നതായി ആരോപണമുണ്ട്. സംഭവദിവസം പെൺകുട്ടി താഴെ വീണെന്നായിരുന്നു പ്രതി ആശുപത്രിയിൽ അറിയിച്ചിരുന്നത്. പിന്നീട് അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഉസ്‌ബെക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര കരാർ പ്രകാരം പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ കേസ് ഇന്ത്യയ്ക്ക് കൈമാറാൻ ആവശ്യപ്പെടാനാകും. വിചാരണ ഉൾപ്പെടെയുള്ള നടപടികൾ കേരളത്തിൽ നടക്കാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിൽ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂലൈ മൂന്നിനാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയും ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സാവരിയ (22) ഉസ്‌ബെക്കിസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഫോൺവിളികൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.




